തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാൽ വില വർദ്ധിപ്പിക്കുമെന്ന മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രസ്താവന തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് മുഖ്യമന്ത്രി മന്ത്രിയെ ശാസിച്ചത്. മിൽമ പാലിന്റെ വില തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയത്.
😡 മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം
തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വില വർദ്ധനവ് സംബന്ധിച്ച മന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പ്രതിപക്ഷം ഈ പ്രസ്താവന ഇപ്പോൾ തന്നെ പ്രധാന രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കൂടാതെ, പാൽ വില വർദ്ധിപ്പിക്കുമെന്ന മന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും ചെയ്തു.
💥 സിപിഐ-സിപിഎം തർക്കത്തിന് പിന്നാലെ പുതിയ വിവാദം
അടുത്തിടെ, പി.എം ശ്രീ പദ്ധതിയിൽ സിപിഐയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി ഒപ്പിട്ടത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഒടുവിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ പദ്ധതി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകേണ്ടി വന്നു. ഈ രാഷ്ട്രീയ വിജയം സിപിഎമ്മിനുള്ളിൽ വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഈ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ മന്ത്രിയുടെ വില കൂട്ടൽ പ്രഖ്യാപനം.
പാൽവില വർദ്ധനവ് സംബന്ധിച്ച പരസ്യ പ്രസ്താവനയിൽ സിപിഎം അണികളിലും വലിയ രോഷമുണ്ട്. വോട്ട് തേടി വീടുകളിൽ എത്തുന്ന സി.പി.എം പ്രവർത്തകർക്ക് ഇനി പാൽവില വർധന സംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടി പറയേണ്ട അവസ്ഥ വരും. ഈ പശ്ചാത്തലത്തിൽ, മന്ത്രിയുടെ പ്രസ്താവന മുന്നണിക്ക്, വിശേഷിച്ച് സിപിഎമ്മിന്, തലവേദനയായി മാറിയിരിക്കുകയാണ്.
![]()
