തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വഴുതക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി നീതു വിജയൻ്റെ പ്രചാരണ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. “മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്” എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ലയണൽ മെസി കേരളത്തിൽ എത്തുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമായിരിക്കുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെ ഈ വലിയ ചർച്ചാവിഷയം പ്രചാരണത്തിനായി നീതു ഉപയോഗിച്ചിരിക്കുന്നത്.
മുൻപ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ, പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നീതു നടത്തിയ വിമർശനങ്ങൾ വലിയ ചർച്ചയായിരുന്നു. ആത്മാഭിമാനമുള്ള വനിതാ നേതാക്കൾക്ക് പൊതുസമൂഹത്തിൽ തലയുയർത്തി നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീതുവിൻ്റെ പോസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ നിഷേധിക്കാൻ അദ്ദേഹം തയ്യാറാകാത്തതിലുള്ള ആശങ്കയും നീതു പങ്കുവെച്ചിരുന്നു. കെ.സി. വേണുഗോപാലിൻ്റെ ഭാര്യ, ഉമാ തോമസ് എംഎൽഎ ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ നേരിട്ട സൈബർ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി, നിശബ്ദത പാലിച്ചാൽ പുതിയ നിരയിലെ പെൺകൊടികൾക്ക് നേരെ കഴുകന്മാരുടെ കണ്ണുകൾ തിരിയുമെന്ന മുന്നറിയിപ്പും അന്ന് നീതു നൽകിയിരുന്നു.
ഈ പഴയ വിവാദങ്ങൾ നിലനിൽക്കെയാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോസ്റ്ററിലൂടെ നീതു വിജയൻ വീണ്ടും വാർത്താ തലക്കെട്ടുകളിൽ ഇടംനേടുന്നത്.
![]()
