കൊച്ചി: കേരള സ്റ്റുഡന്റ്‌സ് യൂണിയൻ (കെ.എസ്.യു.) സംസ്ഥാന നേതൃത്വത്തിൽ നിർണ്ണായകമായ പുനഃസംഘടന. മികച്ച പ്രവർത്തനം കണക്കിലെടുത്ത് 18 സംസ്ഥാന കൺവീനർമാർക്ക് ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകി അഖിലേന്ത്യാ നേതൃത്വം ഉത്തരവിറക്കി. കഴിഞ്ഞ ആഴ്ച ചേർന്ന കെ.എസ്.യു. സംസ്ഥാന നേതൃയോഗത്തിന്റെ ശുപാർശ അംഗീകരിച്ചാണ് ഈ തീരുമാനം.
നിലവിലെ ജനറൽ സെക്രട്ടറിമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കൺവീനർമാരാണ് എന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലാണ് കൂട്ട സ്ഥാനക്കയറ്റത്തിന് പിന്നിൽ. സർവ്വകലാശാലകളുടെയും വിവിധ സെല്ലുകളുടേയും ചുമതല വഹിച്ചിരുന്ന കൺവീനർമാരുടെ പ്രവർത്തനം തൃപ്തികരമായ സാഹചര്യത്തിലാണ് പ്രൊമോഷൻ നൽകിയിരിക്കുന്നത്.
സ്ഥാനക്കയറ്റം ലഭിച്ച 18 പേരുടെ പേരുകൾ ഉൾപ്പെടുത്തി അഖിലേന്ത്യാ നേതൃത്വം വാർത്താക്കുറിപ്പ് പുറത്തിറക്കി. ആസിഫ് മുഹമ്മദ്, ആഘോഷ് വി സുരേഷ്, അബാദ് ലുത്‍ഫി, അതുല്യ ജയാനന്ദ്, അന്‍സില്‍ ജലീല്‍, ഫെനിന്‍ നൈനാന്‍, ജെയിന് ജെയ്സണ്‍, ജെസ്വിന്‍ റോയ്, ജിഷ്ണു രാഘവ്, ലിവിന്‍ വെങ്ങൂർ, മുഹമ്മദ് ആസിഫ് എം എ, മുഹമ്മദ് ആദില്‍, പ്രിയ സി പി, സാജന്‍ എഡിസണ്, സെബാസ്റ്റ്യന് ജോയ്, ഷംലിക് ഗുരിക്കള്‍, ശ്രീജിത്ത് പുലിമേല്‍, തൗഫീഖ് രാജന്‍ എന്നിവർക്കാണ് ഇനി ജനറൽ സെക്രട്ടറി പദവി.
ഇതോടെ, ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിച്ചവർ യൂണിവേഴ്സിറ്റികളുടെയും സെല്ലുകളുടേയും ചുമതലകളിൽ നിന്ന് ഒഴിയും. ഈ ചുമതലകൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നൽകാനാണ് തീരുമാനം.
നേരത്തെ 51 സംസ്ഥാന ഭാരവാഹികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രവർത്തനങ്ങളിൽ സജീവമല്ലാതിരുന്ന ഏഴ് പേരെ ഒഴിവാക്കി. ഇതോടെ സംസ്ഥാന ഭാരവാഹികളുടെ എണ്ണം 44 ആയി ചുരുങ്ങി. ശക്തമായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ കൂടുതൽ ഊർജ്ജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
![]()
