കൊച്ചി: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും ഉടൻ പിരിച്ചുവിടണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച ബോർഡുകൾ ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപിയുടെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ് സർക്കാരിനും ദേവസ്വം ബോർഡുകൾക്കുമെതിരെ രൂക്ഷ വിമർശനമുയർത്തിയത്.
ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ശക്തമായ പ്രതികരണം. “ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. കാണിക്ക വഞ്ചിയിൽ കയ്യിട്ടു വാരാത്തവർ ചുരുക്കമാണ്,” മുഖപ്രസംഗത്തിൽ പറയുന്നു.
മാറിമാറി വരുന്ന സർക്കാരുകൾക്ക് ഈ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രകാര്യങ്ങൾ സുതാര്യമാക്കാൻ എക്സിക്യൂട്ടീവ് അധികാരത്തിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥർ കടന്നുവരണം. സുപ്രധാന തീരുമാനങ്ങൾ സർക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും അറിവോടെയായിരിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
![]()
