തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആര്? ഉത്തരം കണ്ടെത്താൻ സി.ഐ.ഡി. സംഘത്തെ രംഗത്തിറക്കി ഭരണകക്ഷിയായ സി.പി.എം. മണ്ഡലത്തിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന ശക്തമായ അഭ്യൂഹങ്ങളാണ് ഈ രഹസ്യനീക്കത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. രഹസ്യങ്ങൾ ചോർത്താൻ സ്ഥിരമായി ആശ്രയിക്കാറുള്ളവരെ ഒഴിവാക്കി, കൃത്യമായ വിവരം തേടിയാണ് സി.ഐ.ഡി.കൾ തിരുവനന്തപുരത്ത് വലവിരിച്ച് പണിതുടങ്ങിയത്. ഡൽഹിയിൽ സ്വാധിനമുള്ള മുൻ കോൺഗ്രസുകാരനും സി.ഐ. ഡി സംഘത്തിലുണ്ട്.
കെ. മുരളീധരന്റെ ‘കൈയൊപ്പ്’: വട്ടിയൂർക്കാവ് ചർച്ചയിൽ
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല കെ. മുരളീധരനാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. നേരത്തെ ഈ ചുമതലയുണ്ടായിരുന്ന പി.സി. വിഷ്ണുനാഥിനെ ഒഴിവാക്കിയാണ് കെ. മുരളിധരന് ചുമതല നൽകിയത്. കോർപ്പറേഷന് കീഴിലുള്ള 10 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതുൾപ്പെടെ, വട്ടിയൂർക്കാവിലെ മുൻ എം.എൽ.എ. കൂടിയായ കെ.മുരളീധരൻ്റെ നേതൃത്വത്തിൽ കൃത്യമായ മുന്നൊരുക്കങ്ങൾ ആണ് നടക്കുന്നത്.
2011ലും 2016ലും വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച കെ. മുരളീധരൻ 2019-ൽ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. തുടർന്ന് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ വി.കെ. പ്രശാന്ത് ജയിച്ചു. 2021ലും അദ്ദേഹം വിജയം ആവർത്തിച്ചു.
പ്രശാന്തിന് ഭീഷണി?
വടകരയിലേക്ക് പോയെങ്കിലും വട്ടിയൂർക്കാവിലെ വോട്ടർമാരുമായി മുരളീധരൻ ഇപ്പോഴും ശക്തമായ ആത്മബന്ധം തുടരുന്നുണ്ട്. രാഷ്ട്രീയ ഭേദമെന്യേ മണ്ഡലത്തിൽ ബന്ധങ്ങളുള്ള മുരളീധരൻ സ്ഥാനാർത്ഥിയായാൽ നിലവിലെ എം.എൽ.എ. വി.കെ. പ്രശാന്ത് തോൽക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
എന്നാൽ, കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് പ്രശാന്തിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. മുരളീധരൻ വരുമെന്ന് ഉറപ്പായാൽ പ്രശാന്ത് കഴക്കൂട്ടത്തേക്ക് മാറും. കഴക്കൂട്ടത്ത് സിറ്റിംഗ് എം.എൽ.എ. കടകംപള്ളി സുരേന്ദ്രന് ഇത്തവണ സീറ്റുണ്ടാകില്ല. കെ. മുരളീധരൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ പ്രശാന്ത് തന്നെയാകും വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർത്ഥി.
ഏതായാലും കോൺഗ്രസ് സ്ഥാനാർത്ഥിയാരെന്നറിയാൻ സി.ഐ.ഡി.കളെ ഉപയോഗിച്ചുള്ള സി.പി.എമ്മിന്റെ ഈ ‘തെരഞ്ഞെടുപ്പ് തന്ത്രം’ തിരുവനന്തപുരത്ത് പ്രധാന ചർച്ചയായി കഴിഞ്ഞു.
![]()
