തിരുവനന്തപുരം: ഏകദേശം അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ്, 1974 ഏപ്രിൽ 3-ന് കേരള നിയമസഭയിൽ മരാമത്ത് മന്ത്രി ദിവാകരനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച സി.പി.എം യുവനേതാവ് പിണറായി വിജയൻ ഉദ്ധരിച്ച ഒരു ചൊല്ലുണ്ടായിരുന്നു: “കക്കാൻ പഠിക്കുമ്പോൾ നിൽക്കാൻ പഠിക്കണം”. ഒരു പാലം പണിയുമായി ബന്ധപ്പെട്ട് അന്നത്തെ മരാമത്ത് മന്ത്രിയെ കടന്നാക്രമിച്ച ആ യുവ എം.എൽ.എ, 2016 മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയാണ്. എന്നാൽ ചരിത്രത്തിൻ്റെ വിരോധാഭാസമെന്നോണം, മുഖ്യമന്ത്രിയുടെ നേർക്കും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കെതിരെ വരെ സ്വർണ്ണക്കടത്ത് മുതൽ എണ്ണിയാലൊടുങ്ങാത്ത അഴിമതി ആരോപണങ്ങൾ ഉയർന്നു.
കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടായി. പിണറായിയും മക്കളും ജയിലിലാകുമെന്ന പ്രതീതി പല ഘട്ടങ്ങളിലും ശക്തമായിരുന്നു. എന്നിട്ടും ഒരു ‘ചുക്കും’ സംഭവിച്ചില്ല.
🌉 ഡൽഹിയിലെ ‘കരുത്തുറ്റ പാലം’: രക്ഷകനായത് ബി.ജെ.പി?
കേരള രാഷ്ട്രീയത്തിൽ ‘പൊളിറ്റിക്കൽ ഗെയിമിൻ്റെ’ ആശാനായ പിണറായി വിജയൻ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചത് ഡൽഹിയിലേക്ക് ഒരു ‘കരുത്തുറ്റ പാലം’ നിർമ്മിച്ചുകൊണ്ടാണ്. ഈ ബന്ധത്തിൻ്റെ ശക്തി വർദ്ധിപ്പിക്കാൻ, ഡൽഹിയിൽ സ്വാധീനമുള്ള കോൺഗ്രസ് നേതാവായിരുന്ന കെ.വി. തോമസിനെ പോലും സ്വന്തം പക്ഷത്തിലാക്കി.
മകൾ വീണ വിജയനെതിരെയുള്ള മാസപ്പടി കേസ് മൂർദ്ധന്യത്തിൽ നിൽക്കെ, മുഖ്യമന്ത്രി ഡൽഹിയിൽ എത്തി. പിന്നീട് കണ്ടത് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേരള ഹൗസിലെത്തി പിണറായി വിജയനെ സന്ദർശിക്കുന്ന അവിശ്വസനീയമായ കാഴ്ചയാണ്. ഇതോടെ മാസപ്പടി കേസിൻ്റെ തുടർനടപടികൾ ഏകദേശം ‘ആവിയായി’ എന്നാണ് വിലയിരുത്തൽ. കൂടാതെ, മകന് സമൻസ് വന്നിട്ടും തുടർനടപടി എടുക്കാതെ കേന്ദ്രം രക്ഷപ്പെടുത്തിയതായും ആരോപണമുയർന്നു.
👁️ മോദിയുടേയും അമിത് ഷായുടേയും ‘കണ്ണിലുണ്ണി’
മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കണ്ണിലുണ്ണിയായി മാറിയെന്ന രാഷ്ട്രീയ നിരീക്ഷണങ്ങൾ ശക്തമാണ്.
സംസ്ഥാനത്തെ മുഖ്യ ഘടകകക്ഷിയായ സി.പി.ഐയെ പോലും ഇരുട്ടിൽ നിറുത്തിക്കൊണ്ട്, കേന്ദ്ര പദ്ധതിയായ പി.എം. ശ്രീയിൽ ഒപ്പിട്ടതോടെ, തങ്ങൾക്ക് സി.പി.ഐയെക്കാൾ വിശ്വാസം ബി.ജെ.പി.യെ ആണെന്ന് പിണറായി വിജയൻ അടിവരയിട്ട് വ്യക്തമാക്കി.
🐕 ‘ചാരത്തിലെ ചൂട് പറ്റിക്കിടക്കുന്ന പട്ടി’ പോലെ സി.പി.ഐ
ഈ പശ്ചാത്തലത്തിൽ സി.പി.ഐ.യുടെ നിലപാട്, കര്ക്കിടമാസത്തില് പെരുമഴയത്ത് വീടിന്റെ കോലായിലെ ചാരത്തില് വന്നു കേറിക്കിടക്കുന്ന പട്ടിയുടേത് പോലെയാണെന്നാണ് വിലയിരുത്തൽ. ചാരത്തിലെ ചൂട് പറ്റി അവിടെ കിടക്കാനുള്ള ആസക്തി മൂലം ഓടിച്ചാലും ഓടിപ്പോകാത്ത ആ പട്ടിയെപ്പോലെയായി സി.പി.ഐ.
2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ ഘടകകക്ഷിയാക്കുന്നത് ഒഴിച്ചാൽ, മറ്റ് ഏത് ധാരണയ്ക്കും തയ്യാർ എന്ന വ്യക്തമായ സന്ദേശമാണ് പിണറായി വിജയൻ ഈ നീക്കങ്ങളിലൂടെ നൽകിയിരിക്കുന്നത്.
![]()
