മയാമി: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി വലകുലുക്കിയിട്ടും ഇന്റർ മയാമിക്ക് രക്ഷയില്ല. മേജർ ലീഗ് സോക്കറിൽ (MLS) നടന്ന മത്സരത്തിൽ ടൊറന്റോ എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) ഇന്റർ മയാമി പരാജയപ്പെട്ടു. ഇതോടെ എല്ലാ ടൂർണമെന്റുകളിലുമായി തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ജയമില്ലാതെ മയാമിയുടെ തിരിച്ചടി തുടരുകയാണ്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ടൊറന്റോ രണ്ട് ഗോളുകൾ നേടി ലീഡെടുത്തത്. 59-ാം മിനിറ്റിൽ ജോഷ് സാർജന്റും 62-ാം മിനിറ്റിൽ ഡെറിക് എറ്റിയെൻ ജൂനിയറും ടൊറന്റോയ്ക്കായി വലകുലുക്കി.
രണ്ട് ഗോളുകൾക്ക് പിന്നിലായതോടെ തിരിച്ചടിച്ച മയാമിക്ക് വേണ്ടി 82-ാം മിനിറ്റിൽ ലയണൽ മെസ്സി ഒരു ഗോൾ മടക്കി. സഹതാരം റോഡ്രിഗോ ഡി പോളിന്റെ മികച്ച ത്രൂ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ഈ സീസൺ എം.എൽ.എസിലെ മെസ്സിയുടെ 14-ാം ഗോളാണിത്. പട്ടികയിൽ 16 ഗോളുകളുമായി എഫ്.സി ഡാല്ലാസിന്റെ പീറ്റർ മൂസയ്ക്ക് തൊട്ടുപിന്നിൽ രണ്ടാമതാണ് മെസ്സി.
അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി മയാമി ശക്തമായി പൊരുതിയെങ്കിലും ടൊറന്റോ പ്രതിരോധം ഉറച്ചുനിന്നു. ലീഗ്സ് കപ്പിലെ പുറത്താകൽ ഉൾപ്പെടെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാല് തോൽവിയും ഒരു സമനിലയുമാണ് മയാമിയുടെ സമ്പാദ്യം. എങ്കിലും, കിഴക്കൻ കോൺഫറൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നാഷ്വില്ലെയ്ക്ക് പിന്നിൽ രണ്ടാമതായി തന്നെ മയാമി തുടരുന്നു.
