ഇടുക്കി: മലനിരകളുടെ കരുത്തും പ്രകൃതിയുടെ സൗന്ദര്യവും സമന്വയിക്കുന്ന ഇടുക്കി ജില്ല ഇന്ന് 54-ാം വയസ്സിലേക്ക്. 1972 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ് കേരളത്തിന്റെ ഭൂപടത്തിൽ ഇടുക്കി എന്ന പുതിയ ജില്ല ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ആഘോഷങ്ങളോ കൊട്ടും കുരവയോ ഇല്ലാതെ ഒരു കൊച്ചു കെട്ടിടത്തിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പിറവി കൊണ്ട ഇടുക്കിയുടെ ചരിത്രം ആവേശകരമാണ്.
മുഖ്യമന്ത്രിയുടെ നിർദേശം, 24 മണിക്കൂറിനുള്ളിൽ പുതിയ ജില്ല!
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്പെഷ്യൽ കളക്ടറും കോ ഓർഡിനേറ്ററുമായിരുന്ന ഡോ. ഡി. ബാബു പോളിനോട് അടിയന്തിരമായി തിരുവനന്തപുരത്തെത്താൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ നിർദേശിച്ചതോടെയാണ് ഇടുക്കി ജില്ലയുടെ ചരിത്രം മാറുന്നത്. 1972 ജനുവരി 25-ന് വൈകുന്നേരം ബാബു പോളിന് ജില്ല രൂപീകരണത്തിനുള്ള ഉത്തരവ് കൈമാറി. വെറും 24 മണിക്കൂറിനുള്ളിൽ ജില്ല രൂപീകരിക്കണമെന്നായിരുന്നു കർശന നിർദേശം.
ജില്ലാ ആസ്ഥാനം ഇടുക്കിയായിരിക്കണമെന്ന് തീരുമാനിച്ചെങ്കിലും അന്ന് അവിടെ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇല്ലാതിരുന്നതിനാൽ താൽക്കാലിക ആസ്ഥാനം കോട്ടയമാക്കാൻ സർക്കാർ തീരുമാനിച്ചു.
കോട്ടയത്തെ ‘ഇടുക്കി’ കളക്ട്രേറ്റ്
ഹൈറേഞ്ചുകാർക്ക് പരിചയമുള്ള ഇടമെന്ന നിലയിലാണ് കോട്ടയം തിരഞ്ഞെടുത്തത്. 25-ാം തീയതി രാത്രി കോട്ടയം കളക്ടർ രഘുനാഥനൊപ്പം നഗരത്തിൽ അലഞ്ഞ ബാബു പോൾ ഒടുവിൽ യൂണിയൻ ക്ലബിന് സമീപമുള്ള ഫോർവേഡ് ബാങ്ക് ഉടമ എം.സി. മാത്യുവിന്റെ കെട്ടിടം കണ്ടെത്തി. ജനുവരി 26 ഉച്ചയോടെ ഉടമയുടെ അനുവാദം വാങ്ങി. വൈകുന്നേരം 4 മണിക്ക് ആ കെട്ടിടത്തിന് മുന്നിൽ ബാബു പോൾ ദേശീയ പതാക ഉയർത്തി ജില്ലയുടെ ആദ്യ കളക്ടറായി ചുമതലയേറ്റു.
‘ഇടിക്കി’ ഇടുക്കിയായ കഥ
ആദ്യകാലത്ത് സർക്കാർ രേഖകളിൽ പോലും ‘ഇടിക്കി’ എന്നാണ് അക്ഷരവിന്യാസം നടത്തിയിരുന്നത്. പദനിഷ്പത്തി നോക്കാതെയുള്ള ഈ പിഴവ് തിരുത്തിയത് ബാബു പോളാണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ ‘ഇടി’ മാറ്റി ‘ഇടു’ ആക്കി വിജ്ഞാപനം തിരുത്തിയത്. ഒരു ഡെപ്യൂട്ടി കളക്ടറും 12 ക്ലർക്കുമാരും കോട്ടയത്ത് നിന്ന് കടം വാങ്ങിയ ഒരു ജീപ്പുമായിട്ടായിരുന്നു ആധുനിക ഇടുക്കിയുടെ തുടക്കം.
ഇടുക്കി പദ്ധതിയും ബാബു പോളും
ഇടുക്കി ഡാം പദ്ധതി അനിശ്ചിതത്വത്തിലായ കാലത്ത്, പദ്ധതി പൂർത്തിയാക്കാൻ പ്രത്യേക അധികാരം നൽകിയാണ് അച്യുതമേനോൻ ബാബു പോളിനെ നിയമിച്ചത്. തൊഴിലാളി പ്രശ്നങ്ങളും സാങ്കേതിക തടസ്സങ്ങളും നീക്കി പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിന് 10,000 രൂപ കാഷ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
1975 ഓഗസ്റ്റ് 20-ന് ഇടുക്കിയുടെ ചാർജ് ഒഴിഞ്ഞ ശേഷം തന്റെ ജന്മനാടായ പെരുമ്പാവൂർ കുറുപ്പു പടിയിലേക്ക് പോയി. അവിടെ ഒരു കുന്നുണ്ട്. അതിൻ്റെ ഉച്ചിയിൽ നിന്നാൽ കിഴക്കൻ മലകൾ കാണാം. അവിടെ ഇരുന്ന് ബാബുപോൾ ഇങ്ങനെ എഴുതി;
”ആ കിഴക്കൻ മലകൾക്ക് പുതിയൊരു തിളക്കം കൈവന്നിരിക്കുന്നു. അത് ഇടുക്കി ജില്ലയാണ്… ഞാൻ വളർത്തിയെടുത്ത ജില്ല.”എന്നെ സ്നേഹിക്കുന്ന ലക്ഷകണക്കിന് സാധാരണക്കാർ അധിവസിക്കുന്ന ജില്ല. ഞാൻ അവരെ സ്നേഹിച്ചതിനേക്കാൾ കൂടുതലായി അവർ എന്നെ സ്നേഹിച്ചു. എന്റെ കുറ്റങ്ങളും കുറവുകളും പൊറുത്ത് സ്നേഹ ബഹുമാനങ്ങൾ കൊണ്ട് എന്നെ വീർപ്പ് മുട്ടിച്ച് ആ അദ്ധ്വാനശീലരോടൊത്ത് കഴിച്ചു കൂട്ടിയ നാളുകൾ ഒറ്റക്കിരുന്ന് ഓമനിക്കാനുള്ള എത്രയോ ഓർമകൾ എനിക്ക് നൽകി. ഇപ്പോൾ മൂലമറ്റത്തു പവർ ഹൗസിൽ യന്ത്രങ്ങൾ ചലിക്കുന്നുണ്ടാവും. ഇപ്പോൾ ഹൈറേഞ്ചിലെ ഫാക്ടറികളിൽ തേയിലപ്പൊടി നിർമ്മിക്കപ്പെടുന്നുണ്ടാവും. ഇപ്പോൾ മൂന്നാർ ഉറങ്ങിയിട്ടുണ്ടാവും. ഇപ്പോൾ തേക്കടിയിൽ രാക്കിളികൾ പാടുന്നുണ്ടാവും. ഇപ്പോൾ ഇടുക്കി ജലാശയത്തിൽ പൂർണ്ണ ചന്ദ്രൻ പ്രതിഫലിക്കുന്നുണ്ടാവും. മരിച്ചാലും മരിക്കാത്ത ഓർമകൾ ! ഒരിക്കലും മായാത്ത ചിത്രങ്ങൾ !
ഇന്ന് കേരളത്തിന്റെ ഊർജ്ജസ്രോതസ്സായി ഇടുക്കി തലയുയർത്തി നിൽക്കുമ്പോൾ, അത് ഡോ. ഡി. ബാബു പോൾ എന്ന ദീർഘദർശിയായ ഉദ്യോഗസ്ഥന്റെയും സി. അച്യുതമേനോൻ എന്ന ഭരണാധികാരിയുടെയും നിശ്ചയദാർഢ്യത്തിന്റെ കൂടി സ്മാരകമാണ്.