തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വെച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.
👉 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, സമയം
- വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും.
- ആദ്യം പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും.
- ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും.
- ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളിലായിരിക്കും.
👉 വോട്ടെണ്ണൽ നടപടികൾ
- വോട്ടിങ് മെഷീനുകളിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക.
- സ്ട്രോങ്ങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും.
- വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക.
- ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെയായിരിക്കും എണ്ണുക.
- കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷ്യൽ ടാഗ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാകും വോട്ടെണ്ണൽ ആരംഭിക്കുക.
👉 ഫലപ്രഖ്യാപനം തത്സമയം
- ഒരു കൺട്രോൾ യൂണിറ്റിൽ നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുവിവരം ലഭിക്കും.
- ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും.
- ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണിത്തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും.
- വോട്ടുനിലയും ലീഡ് നിലയും ഓരോ ബൂത്ത് എണ്ണിക്കഴിയുന്ന മുറയ്ക്ക് TREND-ൽ അപ്‌ലോഡ് ചെയ്യുന്നതിനാൽ ഫലം തത്സമയം അറിയാൻ കഴിയും.
👉 പ്രവേശനം ആർക്കൊക്കെ?
വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് പ്രവേശനം.
![]()
