ന്യൂ ഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വൻകിട വോട്ടർ തട്ടിപ്പ് ആരോപണത്തിൽ, തന്റെ ചിത്രം ദുരുപയോഗം ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബ്രസീലിയൻ മോഡൽ ലാറിസ ഞെട്ടലോടെ രംഗത്ത്. വോട്ടർ പട്ടികയിൽ തന്റെ പഴയ ചിത്രങ്ങൾ ഉപയോഗിച്ച് വിവിധ ഇന്ത്യൻ പേരുകളിൽ വോട്ടർമാരെ സൃഷ്ടിച്ചു എന്ന കോൺഗ്രസിന്റെ വാദമാണ് മോഡൽ ലാറിസ സ്ഥിരീകരിക്കുന്നത്.
ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ‘എച്ച്-ഫൈൽസ്’ എന്ന പേരിൽ ഈ തട്ടിപ്പ് വിവരങ്ങൾ പുറത്തുവിട്ടത്. ഹരിയാനയിലെ വോട്ടർമാരിൽ എട്ടിലൊന്ന് പേർ വ്യാജമോ കൃത്രിമം കാണിച്ചവരോ ആണെന്നും ഏകദേശം 25 ലക്ഷം വോട്ടർമാർ തട്ടിപ്പിലൂടെ കൂട്ടിച്ചേർക്കപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു.
ലാറിസയുടെ പ്രതികരണം: “ഇതൊരു ഭീകരമായ തമാശ!”
ഒരേ വിദേശ വനിതയുടെ ചിത്രം ‘സീമ’, ‘സ്വീറ്റി’, ‘സരസ്വതി’, ‘രശ്മി’, ‘വിൽമ’ തുടങ്ങി നിരവധി ഇന്ത്യൻ പേരുകൾക്ക് കീഴിൽ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് രാഹുൽ ഗാന്ധി തെളിവായി അവതരിപ്പിച്ചു. ഈ ചിത്രത്തിൽ കാണുന്നയാൾ ഇന്ത്യൻ പൗരനല്ല, ബ്രസീലിയൻ മോഡലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ലാറിസ എന്ന മോഡലാണ് താൻ എന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.
സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ലാറിസ വീഡിയോ സന്ദേശത്തിൽ പറഞ്ഞതിങ്ങനെ: “ഇതൊരു ഭീകരമായ തമാശയാണ്! ഇന്ത്യയിലെ തെരഞ്ഞെടുപ്പിനായി അവർ എന്റെ പഴയ ചിത്രമാണ് ഉപയോഗിക്കുന്നത്, എന്നെ ഒരു ഇന്ത്യക്കാരിയായി കാണിക്കുന്നു. ഇതൊരു കുഴഞ്ഞുമറിഞ്ഞ കാര്യമാണ്! ഒരു റിപ്പോർട്ടർ എന്നെ ഇന്റർവ്യൂവിനായി സമീപിക്കുക വരെ ചെയ്തു.”
![]()
