സിംഗ്റോളി (മധ്യപ്രദേശ്): മധ്യപ്രദേശിലെ സിംഗ്റോളിയിൽ ബി.ജെ.പി എം.എൽ.എ രാംനിവാസ് ഷായുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ടൊയോട്ട ഇന്നോവ കാർ അഗ്നിശമന സേനയുടെ (ഫയർ ഫ്രണ്ട്) വാഹനം ഉപയോഗിച്ച് കഴുകുന്ന വീഡിയോ പുറത്ത്. സർക്കാർ സംവിധാനങ്ങളും അടിയന്തര സേവന വാഹനങ്ങളും സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നാരോപിച്ച് സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
മുനിസിപ്പൽ കോർപ്പറേഷന്റെ ഫയർ എഞ്ചിനിൽ ഘടിപ്പിച്ച വലിയ ഹോസ് പൈപ്പ് ഉപയോഗിച്ച് മൂന്ന് ജീവനക്കാർ ചേർന്ന് എം.എൽ.എയുടെ വാഹനം കഴുകുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
കടുത്ത വിമർശനവുമായി പ്രതിപക്ഷം
സംഭവം വിവാദമായതോടെ ഭരണപക്ഷത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സാധാരണക്കാരുടെ വീടുകൾക്ക് തീപിടിക്കുമ്പോൾ കൃത്യസമയത്ത് എത്താത്ത ഫയർഫോഴ്സ് വാഹനം, ഭരണപക്ഷ എം.എൽ.എയുടെ കാർ കഴുകാൻ ഉപയോഗിക്കുകയാണെന്ന് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാർ ആരോപിച്ചു.
”അടിയന്തര ഘട്ടങ്ങളിൽ സാധാരണക്കാരുടെ വീടുകളിലെ തീ അണയ്ക്കാൻ ഫയർഫോഴ്സ് വാഹനങ്ങൾ എത്താറില്ല. എന്നാൽ സിംഗ്റോളിയിൽ ബി.ജെ.പി എം.എൽ.എ ഫയർ എഞ്ചിനെ തന്റെ സ്വന്തം കാർ വാഷിംഗ് സെന്ററാക്കി മാറ്റിയിരിക്കുകയാണ്,” ഉമാംഗ് സിംഗാർ കുറ്റപ്പെടുത്തി.
ന്യായീകരണവുമായി എം.എൽ.എ
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് എം.എൽ.എ രാംനിവാസ് ഷാ രംഗത്തെത്തി. സംഭവം നടക്കുമ്പോൾ താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും വാഹന ഡ്രൈവറോട് കാർ വേഗത്തിൽ എത്തിക്കാൻ പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
”ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, ഒരു എം.എൽ.എ സ്വന്തമായി വണ്ടി കഴുകാറുണ്ടോ? സംഭവം നടക്കുമ്പോൾ ഞാൻ സ്ഥലത്തില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡ്രൈവറോട് ചോദിക്കണം,” എന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.
കോർപ്പറേഷൻ ഓഫീസർമാരുടെ വസതികളിലേക്ക് കുടിവെള്ളം എത്തിക്കാൻ വന്ന വാഹനമായിരിക്കാം അതെന്നും, തനിക്ക് ഇതിൽ പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് സിംഗ്റോളി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ സവിതാ പ്രധാൻ പ്രതികരിച്ചത്.
