ന്യൂഡൽഹി: അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി OpenAI കരാർ ഒപ്പുവെച്ചതിന് പിന്നാലെ, ചാറ്റ്ജിപിടി (ChatGPT) സേവനത്തിൽ നിന്ന് വൻതോതിൽ ഉപയോക്താക്കൾ കൊഴിഞ്ഞുപോവുന്നതായി റിപ്പോർട്ട്. ഈ കരാറിൽ പ്രതിഷേധിച്ചുകൊണ്ട് 25 ലക്ഷത്തിലധികം ആളുകൾ ചാറ്റ്ജിപിടി ഉപേക്ഷിക്കാൻ പ്രതിജ്ഞയെടുത്തതായി ‘ക്വിറ്റ് ജിപിടി’ (QuitGPT) എന്ന പ്രചാരണ വെബ്സൈറ്റ് അവകാശപ്പെടുന്നു.
90 കോടിയിലധികം ഉപയോക്താക്കളുള്ള ചാറ്റ്ജിപിടിയുടെ സുരക്ഷാ നയങ്ങളിലും നിലപാടുകളിലും അതൃപ്തി രേഖപ്പെടുത്തിയാണ് ഉപയോക്താക്കൾ കൂട്ടത്തോടെ സേവനം ഉപേക്ഷിക്കുന്നത്. പെന്റഗൺ തങ്ങളുടെ ക്ലാസിഫൈഡ് നെറ്റ്‌വർക്കുകളിൽ ചാറ്റ്ജിപിടി സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുമതി നൽകിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ആഭ്യന്തര നിരീക്ഷണങ്ങൾക്കായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമോ എന്ന ആശങ്കയാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
ആന്ത്രോപ്പിക്കിന് വൻ സ്വീകാര്യത
ഈ സാഹചര്യത്തിൽ ആന്ത്രോപ്പിക് (Anthropic) വികസിപ്പിച്ച ‘ക്ലോഡ്’ (Claude) എന്ന ചാറ്റ്ബോട്ടിന് ആപ്പിൾ ആപ്പ് സ്റ്റോറിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെൻസർ ടവർ (Sensor Tower) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ചാറ്റ്ജിപിടി ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചു. കരാർ ഒപ്പുവെച്ച ദിവസത്തെ അപേക്ഷിച്ച് തൊട്ടടുത്ത ദിവസം അൺഇൻസ്റ്റാളുകൾ 295 ശതമാനം വർധിച്ചതായാണ് ടെക്ക് ക്രഞ്ച് (TechCrunch) റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ പെന്റഗണുമായി കരാറിലേർപ്പെട്ടിരുന്ന ആന്ത്രോപ്പിക്, ആഭ്യന്തര നിരീക്ഷണം പോലുള്ള കാര്യങ്ങൾക്കായി തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് അവർ കരാറിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
പ്രതികരണവുമായി സാം ആൾട്ട്മാൻ
വിവാദങ്ങൾ ശക്തമായതോടെ, OpenAI സിഇഒ സാം ആൾട്ട്മാൻ ഖേദപ്രകടനവുമായി രംഗത്തെത്തി. കരാർ ഒപ്പുവെക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടിയെന്നും, ഇത് തെറ്റായ സന്ദേശം നൽകിയെന്നും അദ്ദേഹം സമ്മതിച്ചു. “കാര്യങ്ങൾ വളരെ സങ്കീർണ്ണമാണ്, ഞങ്ങൾ തിടുക്കം കാട്ടാൻ പാടില്ലായിരുന്നു,” ആൾട്ട്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതിഷേധങ്ങൾക്കിടയിൽ, വരാനിരിക്കുന്ന കരാറിൽ കൂട്ട നിരീക്ഷണങ്ങൾക്കോ മറ്റോ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
![]()
