കൊളംബോ: ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യ ചിരവൈരികളെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ വെറും 114 റൺസിന് കൂടാരം കയറി. ഈ വിജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി.
ഇഷാൻ കിഷന്റെ ബാറ്റിംഗ് വെടിക്കെട്ട്
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമ്മയെ (0) ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും ഇഷാൻ കിഷൻ തകർത്താടുകയായിരുന്നു. പാക് ബൗളർമാരെ സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ പോലെ കുഴപ്പിച്ച ഇഷാൻ വെറും 40 പന്തിൽ നിന്ന് 77 റൺസ് അടിച്ചുകൂട്ടി. 10 ഫോറുകളും 3 സിക്സറുകളും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. തിലക് വർമ്മ (25), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (32) എന്നിവർ നൽകിയ പിന്തുണ ഇന്ത്യയെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 എന്ന ശക്തമായ നിലയിലെത്തിച്ചു.
തകർന്നടിഞ്ഞ് പാക് നിര
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ചേർന്ന് പാക് ടോപ്പ് ഓർഡറിനെ തകർത്തു. ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്താൻ പാക് ബാറ്റർമാർക്കായില്ല. 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്. ബാബർ അസം (13), ഷദാബ് ഖാൻ (10) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യക്കായി ബുംറ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റുകൾ നേടി. തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷനാണ് മാൻ ഓഫ് ദി മാച്ച്.
![]()
