സാവോ പോളോ: ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുടെ വിരമിക്കൽ വാർത്തകൾ പുറത്തുവരുന്നു. വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിലേക്ക് ബ്രസീൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ താരം ഈ വർഷം തന്നെ തന്റെ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. നിലവിൽ ഫുട്ബോളിൽ തുടരാൻ നെയ്മറെ പ്രേരിപ്പിക്കുന്ന ഏക ഘടകം ബ്രസീലിനായി ഒരു ലോകകപ്പ് നേടുക എന്നത് മാത്രമാണ്. ആ ലക്ഷ്യം സാധ്യമാകില്ലെന്ന് കണ്ടാൽ കളിക്കളത്തോട് വിടപറയാൻ താരം മടിക്കില്ലെന്നാണ് സൂചന.
ലക്ഷ്യം ഒന്നുമാത്രം: കാനറിപ്പടയിലെ തിരിച്ചുവരവ്
കഴിഞ്ഞ കുറച്ചു കാലമായി പരിക്കിനോട് മല്ലിടുന്ന നെയ്മർ, ഇപ്പോൾ നടത്തുന്ന എല്ലാ കഠിനാധ്വാനങ്ങളും 2026 ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്. തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയ താരം, അവിടെ നടത്തുന്ന ഫിസിക്കൽ ട്രെയിനിംഗും ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങളും ലോകകപ്പിന് മുൻപ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടിയാണ്.
”നെയ്മർ ഇപ്പോൾ ചെയ്യുന്നതെല്ലാം — ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള റീഹാബിലിറ്റേഷൻ, ശാരീരിക അധ്വാനം, വിട്ടുവീഴ്ചകൾ — എല്ലാം ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ്: ലോകത്തെ ഏറ്റവും വലിയ ടൂർണമെന്റിൽ ബ്രസീൽ ജഴ്സിയിൽ ഒരിക്കൽ കൂടി ഇറങ്ങുക. അതല്ലാതെ മറ്റൊരു കാര്യത്തെക്കുറിച്ചും അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നില്ല.” – താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
അൻസലോട്ടിയുടെ തീരുമാനം നിർണ്ണായകം
ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ കാർലോ അൻസലോട്ടിയുടെ തന്ത്രങ്ങളിൽ നെയ്മർക്ക് ഇടമുണ്ടാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടീമിലെ യുവതാരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർക്ക് അൻസലോട്ടി വലിയ പ്രാധാന്യം നൽകുന്നുണ്ട്. പൂർണ്ണ കായികക്ഷമത തെളിയിച്ചാൽ മാത്രമേ നെയ്മറെ ടീമിലേക്ക് പരിഗണിക്കൂ എന്ന് പരിശീലകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നിലവിൽ 34-ാം വയസ്സിലേക്ക് കടക്കുന്ന നെയ്മർക്ക്, ലോകകപ്പ് സ്ക്വാഡിൽ ഇടം ലഭിച്ചില്ലെങ്കിൽ അത് വലിയൊരു തിരിച്ചടിയാകും. അങ്ങനെയെങ്കിൽ കരിയർ ഇനിയും നീട്ടിക്കൊണ്ടുപോകാൻ താല്പര്യമില്ലാത്ത താരം വിരമിക്കൽ പ്രഖ്യാപിച്ചേക്കാം.
![]()
