പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ അമിതവേഗതയിൽ വന്ന കാറിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. ലോണി കൽഭോർ (Loni Kalbhor) പ്രദേശത്തെ ജോയ് നെസ്റ്റ് സൊസൈറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഫ്ലാറ്റിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന നിക്കാഷ് റെഡ്ഡി എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 3:30-ഓടെയാണ് അപകടമുണ്ടായത്. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫ്ലാറ്റിന്റെ മുറ്റത്ത് സൈക്കിൾ ഓടിക്കുകയായിരുന്ന കുട്ടിക്ക് നേരെ മുണ്ട്‌വ റോഡ് ഭാഗത്ത് നിന്നും വന്ന കാർ ഇരച്ചുകയറുകയായിരുന്നു.
ഉടൻ തന്നെ ഡ്രൈവർ കാറിൽ നിന്നിറങ്ങി കുട്ടിയെ എടുക്കുകയും അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു. മുണ്ട്‌വ റോഡിലെ താമസക്കാരനായ കാർ ഡ്രൈവർ, തന്റെ സുഹൃത്തിനെ ഫ്ലാറ്റിൽ വിടാനായി വന്നതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അശ്രദ്ധമായും അമിതവേഗതയിലും വണ്ടിയോടിച്ച് മരണത്തിന് കാരണമായതിന് ഡ്രൈവർക്കെതിരെ കുട്ടിയുടെ പിതാവ് പരാതി നൽകി. ലോണി കൽഭോർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങൾക്കുള്ളിൽ പോലും വാഹനങ്ങൾ ഇത്തരത്തിൽ അമിതവേഗതയിൽ ഓടിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ജീവന് ഭീഷണിയാണെന്ന് നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.
![]()
