കൊച്ചി: മലയാളികളുടെ പ്രിയ ഗായകന്‍ കെ.ജെ. യേശുദാസിന് ഇന്ന് ജന്മദിനം. 1940 ജനുവരി 10ന് ജനിച്ച ഗാനഗന്ധർവ്വൻ്റെ എൺപത്തിയാറാം പിറന്നാൾ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് സുഹൃത്തായ ഫാദർ സിറിയക് തുണ്ടിയിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ബാംഗ്ലൂർ എയർപോർട്ടിലെ ആ യാദൃശ്ചിക കണ്ടുമുട്ടൽ
1971-ൽ ബാംഗ്ലൂർ എയർപോർട്ടിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ജർമ്മനിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ അച്ചൻ കൊച്ചിയിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് യേശുദാസിനെ കാണുന്നത്. “ജർമ്മനിയിലേക്ക് വരുന്നില്ലേ?” എന്ന അച്ചൻ്റെ ചോദ്യത്തിന് “ആരാ കൊണ്ടുപോകാനുള്ളത്” എന്നായിരുന്നു യേശുദാസിൻ്റെ മറുപടി. “ഞാൻ കൊണ്ടുപോകാം” എന്ന് അച്ചൻ ഏറ്റതോടെയാണ് യേശുദാസിൻ്റെ വിദേശ കച്ചേരികൾക്ക് വഴിതുറന്നത്.
ജർമ്മനിയിലെ കച്ചേരിയും മാറുന്ന ശീലങ്ങളും
1972-ൽ അച്ചൻ്റെ നേതൃത്വത്തിൽ യേശുദാസ് ആദ്യമായി ജർമ്മനിയിൽ പാടാനെത്തി. അന്ന് മലയാളികൾ കുറവായതിനാൽ കൊളോണിലും ഫ്രാങ്ക്ഫർട്ടിലും മാത്രമാണ് പരിപാടികൾ നടന്നത്. പുസ്തകം നോക്കി പാടുന്ന രീതി മാറ്റി യേശുദാസ് സ്റ്റാൻഡ് ഉപയോഗിച്ച് തുടങ്ങിയത് ജർമ്മനിയിലെ ആ യാത്ര മുതലാണെന്ന് ഫാദർ ഓർക്കുന്നു. 1973-ൽ അമേരിക്കയിലും ജർമ്മനിയിലും പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. ഇതിനിടെ യേശുദാസിൻ്റെ അമ്മച്ചി എലിസബത്തിനെ ചീട്ടുകളി പഠിപ്പിച്ച കൗതുകകരമായ ഓർമ്മയും അച്ചൻ പങ്കുവെക്കുന്നു.
ആകാശത്തിലെ തീയും ഭാഗ്യത്തിന് രക്ഷപെട്ട പാട്ടുകാരും
1973-ലെ അമേരിക്കൻ യാത്രയ്ക്കിടെ ഉണ്ടായ ഒരു അപകടത്തെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്. യേശുദാസ് സഞ്ചരിച്ച വിമാനത്തിൻ്റെ ബാഗേജ് ഏരിയയിൽ യേശുദാസിൻ്റെ തന്നെ ഇലക്ട്രോണിക് ഓർഗൻ (യമഹ D-45) ബൾബിൽ തട്ടി പുക ഉയർന്നതിനെ തുടർന്ന് വിമാനം മാഞ്ചസ്റ്ററിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു. കച്ചേരി മുടങ്ങാതിരിക്കാൻ അന്ന് 100 കിലോമീറ്റർ ദൂരെ പോയി പുതിയ ഓർഗൻ വാങ്ങി തിരിച്ചെത്തിയ സാഹസികതയും അച്ചൻ വിവരിക്കുന്നു.
ഇളയരാജയെന്ന ‘പയ്യൻ’ മുതൽ ഇന്നത്തെ ജീവിതം വരെ
മദ്രാസിലെ അഭിരാമപുരത്തെ യേശുദാസിൻ്റെ വീട്ടിലെ താമസവും സ്റ്റുഡിയോ സന്ദർശനങ്ങളും സൗഹൃദത്തിൻ്റെ ആഴം കൂട്ടി. ഒരിക്കൽ റെക്കോർഡിങ് സ്റ്റുഡിയോയിൽ ഇരുന്നു കമ്പോസ് ചെയ്യുന്ന ഒരു ‘പയ്യനെ’ യേശുദാസ് അച്ചന് പരിചയപ്പെടുത്തി കൊടുത്തു, അത് പിൽക്കാലത്തെ സംഗീത ഇതിഹാസം ഇളയരാജയായിരുന്നു.
നിലവിൽ അമേരിക്കയിലെ ഡാള്ളസിൽ മകൻ വിശാലിനും ഭാര്യ പ്രഭയ്ക്കുമൊപ്പമാണ് യേശുദാസ് കഴിയുന്നത്. രാവിലെ എഴുന്നേറ്റാൽ മണിക്കൂറുകളോളം നീളുന്ന സംഗീത സാധകം അദ്ദേഹം ഇപ്പോഴും തുടരുന്നുണ്ടെന്ന് അച്ചൻ പറയുന്നു. “യേശുദാസിനെ പോലെ ഒരു സംഗീതവിസ്മയം ഇനി ഉണ്ടാകുമോ എന്നറിഞ്ഞുകൂടാ” എന്ന വാക്കുകളോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
![]()
