തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില താഴുന്നില്ല. സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന രീതിയിൽ കുതിച്ചുയരുന്ന വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിൽ ഒരു കിലോ ലൈവ് കോഴിക്ക് 190 രൂപ വരെയാണ് നിലവിലെ വിലയെങ്കിൽ, വടക്കൻ കേരളത്തിൽ ഇത് 280 രൂപ വരെ എത്തിനിൽക്കുന്നു.
കൈവിട്ട കുതിപ്പ്
ഉത്സവ സീസൺ കഴിഞ്ഞാൽ വില കുറയുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് വിപണി മുന്നേറുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതും തീറ്റ വിലയിലുണ്ടായ വർദ്ധനവുമാണ് വില ഉയരാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഐസക്കിന്റെ ’87 രൂപ’യും ഇന്നത്തെ യാഥാർത്ഥ്യവും
കോഴി വില കുതിച്ചുയരുമ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പഴയൊരു ബജറ്റ് പ്രഖ്യാപനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, 2018-19 ബജറ്റിലായിരുന്നു ഐസക്കിന്റെ ആ വിപ്ലവകരമായ വാഗ്ദാനം. സംസ്ഥാനത്ത് ഇറച്ചി കോഴി വളർത്തൽ വ്യാപകമാക്കി ന്യായവിലയ്ക്ക് ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ബജറ്റ് പ്രസംഗത്തിലെ 31-ാം ഖണ്ഡികയിൽ 87 രൂപയ്ക്ക് ഇറച്ചി കോഴി ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. 2018 മെയ് 31-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, “തിങ്കളാഴ്ച മുതൽ 87 രൂപ നിരക്കിൽ മാത്രമേ ഇറച്ചി കോഴി വിൽക്കാൻ അനുവദിക്കൂ” എന്നും അദ്ദേഹം കടുപ്പിച്ചു പറഞ്ഞു.
വാഗ്ദാനം ജലരേഖയാകുമ്പോൾ
അന്നും ഇന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. എന്നാൽ അന്നത്തെ ധനമന്ത്രി നൽകിയ ആവേശകരമായ ബജറ്റ് വാഗ്ദാനം കാലക്രമേണ വെറും വാക്കായി അവശേഷിച്ചു. 87 രൂപയിൽ നിന്നും കോഴി വില ഇന്ന് അതിന്റെ മൂന്നിരട്ടിയിലധികം വർദ്ധിച്ചിട്ടും സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുന്നു എന്നാണ് പൊതുജനങ്ങളുടെ പരാതി. ന്യായവിലയ്ക്ക് കോഴി ലഭ്യമാക്കാനുള്ള സർക്കാർ പദ്ധതികൾ എങ്ങുമെത്താത്തതാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
![]()
