തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ അഡീഷണൽ സെക്രട്ടറി എൻ. വിജയകുമാറിന്റെ മൊഴി പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സെക്രട്ടേറിയറ്റിലെ സുപ്രധാന കസേരയിലിരുന്ന് ഫയലുകൾ ഓരോന്നായി പരിശോധിച്ചിരുന്ന ഉദ്യോഗസ്ഥൻ, വായിച്ചുപോലും നോക്കാതെ ഒപ്പിട്ടു നൽകി എന്ന് പറയുന്നത് അവിശ്വസനീയമാണെന്നാണ് അന്വേഷണ സംഘം (SIT) വിലയിരുത്തുന്നത്.
വിജയകുമാറിന്റെ മൊഴി ഇങ്ങനെ:
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ പറഞ്ഞത് വിശ്വസിച്ചാണ് ഫയലിൽ ഒപ്പിട്ടതെന്നാണ് വിജയകുമാറിന്റെ വാദം. “സഖാവ് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല, വായിച്ചു നോക്കാതെ ഒപ്പിടുക മാത്രമാണ് ചെയ്തത്” എന്ന വിജയകുമാറിന്റെ വെളിപ്പെടുത്തൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണസംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. സ്വന്തം വീടിന്റെ ആധാരം പോലും ഇത്തരത്തിൽ വായിക്കാതെ വിജയകുമാർ ഒപ്പിട്ടു നൽകുമോ എന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
റിമാൻഡ് റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകൾ:
അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉന്നതർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്:
- മാന്വൽ തിരുത്തി: ഉണ്ണികൃഷ്ണൻ പോറ്റിയെ വഴിവിട്ട് സഹായിക്കാനായി ദേവസ്വം മാന്വലിൽ അട്ടിമറി നടത്തി.
- ഗൂഢാലോചന: പത്മകുമാർ, എൻ. വിജയകുമാർ, കെ.പി. ശങ്കരദാസ് എന്നിവർക്ക് മാന്വൽ തിരുത്തിയതിൽ നേരിട്ട് പങ്കുണ്ട്.
- മിനിറ്റ്സിലെ തിരുത്തൽ: യോഗ തീരുമാനങ്ങൾ രേഖപ്പെടുത്തുന്ന മിനിറ്റ്സിൽ തിരുത്തൽ വരുത്തിയത് പത്മകുമാർ മറ്റു രണ്ടുപേരെയും അറിയിച്ചിരുന്നു.
- സാമ്പത്തിക ലാഭം: സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഇരുവരും പത്മകുമാറിന്റെ അഴിമതിക്ക് കൂട്ടുനിന്നതെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൂവരും അറിഞ്ഞുകൊണ്ടാണ് സ്വർണ്ണപ്പാളികൾ പോറ്റിക്ക് കൊടുത്തുവിട്ടതെന്നും റിപ്പോർട്ടിലുണ്ട്.
![]()
