തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഭൂപതിവ് നിയമഭേദഗതിയുടെ മറവിൽ വൻകിട കയ്യേറ്റങ്ങളും ചട്ടലംഘനങ്ങളും ക്രമവൽക്കരിക്കാൻ സർക്കാർ നീക്കം. 2025 ഡിസംബർ 16-ന് പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) പ്രകാരം, സാധാരണക്കാരായ കർഷകർക്കും കുടിയേറ്റക്കാർക്കും പുറമെ രാഷ്ട്രീയ പാർട്ടി ഓഫീസുകൾ, വൻകിട റിസോർട്ടുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയ്ക്കും ഈ ആനുകൂല്യം ലഭിക്കും. കർഷകരെ മറയാക്കി വിവാദ സി.പിഎം ഓഫിസുകൾ ക്രമവൽക്കരിക്കാനുള്ള നീക്കം പുറത്ത് വിട്ടിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി സായി കിരൺ ആണ് .

ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള പുതിയ നിയമം 2024 ജൂൺ 7-ന് മുമ്പ് നടന്ന ലംഘനങ്ങളെയാണ് പരിഗണിക്കുന്നത്. 2023-ൽ ഇടുക്കിയിലെ നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട് കോടതികളിൽ നിന്ന് കടുത്ത വിമർശനം നേരിട്ട വൻകിട സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടി ഓഫീസുകളും ഇതോടെ നിയമവിധേയമാകും.
പ്രധാന നിയമലംഘനങ്ങൾ എങ്ങനെയൊക്കെ?
കൃഷിക്കായി അനുവദിച്ച പട്ടയഭൂമിയിൽ മറ്റ് നിർമ്മാണങ്ങൾ നടത്തുന്നതാണ് പ്രധാന ലംഘനമായി കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ ചട്ടപ്രകാരം താഴെ പറയുന്നവയും ക്രമവൽക്കരിക്കാം:
- രാഷ്ട്രീയ പാർട്ടി ഓഫീസുകൾ: സിപിഎം ശാന്തൻപാറ, ബൈസൺവാലി ഓഫീസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇത് തുണയാകും.
- വാണിജ്യ സ്ഥാപനങ്ങൾ: 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വൻകിട കെട്ടിടങ്ങൾ പോലും നിശ്ചിത പിഴയോടെ ക്രമവൽക്കരിക്കാം.
- റിസോർട്ടുകളും ടൂറിസം പദ്ധതികളും: ഇടുക്കി ഉൾപ്പെടെയുള്ള പരിസ്ഥിതി ലോല മേഖലകളിലെ റിസോർട്ടുകൾക്കും അഡ്വഞ്ചർ ടൂറിസം പദ്ധതികൾക്കും പച്ചക്കൊടി.
- വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ: സ്വകാര്യ ആശുപത്രികൾക്കും സ്വാശ്രയ കോളേജുകൾക്കും പുതിയ ചട്ടം പ്രയോജനപ്പെടും.
കർഷകരെ സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഈ നിയമം യഥാർത്ഥത്തിൽ വൻകിടക്കാരെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും സഹായിക്കാനുള്ളതാണെന്ന ആക്ഷേപം ശക്തമാണ്. ഇടുക്കിയിൽ ഹൈക്കോടതി ഇടപെടലിലൂടെ തടഞ്ഞ പല അനധികൃത നിർമ്മാണങ്ങളും ഇതോടെ നിയമസാധുത നേടും.
![]()
