തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള യോഗം പെരുമാറ്റച്ചട്ട പരാതി ഉയർന്നതിനെ തുടർന്ന് മാറ്റി വെച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ‘തടി തപ്പി’. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 5-ന് സർവീസ് സംഘടനകളുടെ യോഗമാണ് അദ്ദേഹം വിളിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരെ സ്വാധിനിക്കാനുള്ള നീക്കമായിരുന്നു ചീഫ് സെക്രട്ടറിയുടേത്. യോഗം വിളിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതി ശക്തമായതോടെയാണ് ചീഫ് സെക്രട്ടറിക്ക് പിൻവലിയേണ്ടി വന്നത്.
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്ന നീക്കത്തെ ധനകാര്യ വകുപ്പിലെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ (KFSA) സ്വാഗതം ചെയ്തു. എന്നാൽ പെരുമാറ്റ ചട്ടം നിലനിൽക്കെ യോഗം മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംഘടന കത്ത് നൽകിയതോടെയാണ് വിഷയം കൂടുതൽ സങ്കീർണ്ണമായത്. നിയമപരമായി നടപടി നേരിടാതിരിക്കാൻ വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ അടിയന്തരമായ ഈ പിൻമാറ്റം. ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ ഉണ്ടാകുമായിരുന്നു.
![]()
