തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും നിയമപഠനത്തിന്റെ ഭാഗമായ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) പരീക്ഷ എഴുതി കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. ഭവനസന്ദർശനങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെ ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെത്തിയാണ് അദ്ദേഹം പരീക്ഷ പൂർത്തിയാക്കിയത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. “ഇന്നലെ രാവിലെ മുതൽ ഭവനസന്ദർശനങ്ങളായിരുന്നു. അതുകഴിഞ്ഞു നേരെ പറന്നെത്തിയത് ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലേക്ക്- ബാർ കൗൺസിൽ നടത്തുന്ന AIBE പരീക്ഷ എഴുതാൻ!” അദ്ദേഹം കുറിച്ചു.
നിയമപഠനം പൂർത്തിയാക്കിയവർക്ക് കോടതി നടപടികളിൽ പങ്കെടുക്കുന്നതിന് AIBE പരീക്ഷ നിർബന്ധമാണ് എന്നതിനാലാണ് തിരക്കിനിടയിലും പരീക്ഷ എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പൺ ബുക്ക് പരീക്ഷയായതിനാൽ കാര്യങ്ങൾ തരക്കേടില്ലായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
പരീക്ഷ പൂർത്തിയാക്കിയ ഉടൻ അദ്ദേഹം വീണ്ടും പ്രചാരണചൂടിലേക്ക് മടങ്ങുകയും ചെയ്തു. “പരീക്ഷ കഴിഞ്ഞു നേരെ വീണ്ടും തിരികെ കവടിയാറിലേക്ക്, പ്രചരണചൂടിലേക്ക്!” എന്ന് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നു.
![]()
