തിരുവനന്തപുരം: ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്ന സെക്രട്ടറിയേറ്റിൽ, മുഖ്യമന്ത്രിയുടെ പുതിയ കാർ വാങ്ങാനുള്ള ഫയലിന് ലഭിച്ചത് ‘ജെറ്റ് സ്പീഡ്’. ₹1.10 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 10 പ്രവൃത്തി ദിവസത്തിനുള്ളിൽ പുറത്തിറങ്ങിയത് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഈ തുക അനുവദിച്ചതെന്നതും ശ്രദ്ധേയമാണ്.
വാഹനം വാങ്ങുന്നതിനായി ₹1.10 കോടി ആവശ്യപ്പെട്ട് ഇന്റലിജൻസ് എഡിജിപി സെക്രട്ടറിയേറ്റിലേക്ക് കത്ത് അയക്കുന്നത് 2025 നവംബർ 11-നാണ്. തുടർന്ന് കൃത്യം ഏഴാം പ്രവൃത്തി ദിവസം, അതായത് നവംബർ 19-ന് തന്നെ മുഖ്യമന്ത്രിയുടെ അനുമതിയോടെ ആഭ്യന്തര വകുപ്പിൽ നിന്ന് ഫയൽ ധനവകുപ്പിലേക്ക് കൈമാറി.
സാധാരണ ഗതിയിൽ ആഴ്ചകളും മാസങ്ങളുമെടുക്കുന്ന ഫയൽ നീക്കം ധനവകുപ്പിലെത്തിയതിന് ശേഷം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അനുമതിയോടെ ₹1.10 കോടി അധിക ഫണ്ടായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. നിലവിൽ കടുപ്പിച്ച ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഫണ്ട് അനുവദിച്ചത് എന്നതാണ് ഇതിലെ പ്രധാന പ്രത്യേകത. 12 ലക്ഷത്തോളം ഫയലുകൾ ‘ഉറങ്ങുന്ന ‘ എ സെക്രട്ടറിയേറ്റിൽ, മുഖ്യമന്ത്രിയുടെ ആവശ്യത്തിനായുള്ള ഫയലിന് ലഭിച്ച ഈ അമിത വേഗത ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചു.
![]()
