തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി.എ/ഡി.ആർ) അനുവദിക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന ഇരട്ടനീതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി തുടരുന്ന ഈ ‘സർക്കസ്’ നിലവിലെ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പത്ത് ഗഡു ക്ഷാമബത്ത ലഭിക്കുമ്പോൾ, സർക്കാർ ജീവനക്കാർക്ക് അഞ്ച് ഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് 10 ഗഡു ക്ഷാമ ആശ്വാസം ലഭിക്കുമ്പോൾ, വിരമിച്ച സർക്കാർ ജീവനക്കാർക്ക് 5 ഗഡു ക്ഷാമ ആശ്വാസം മാത്രമേ ലഭിക്കുന്നുള്ളൂ.
ഇതിലും ഗുരുതരമായ വിവേചനം കുടിശികയുടെ കാര്യത്തിലാണ്. ഐ.എ.എസുകാർക്ക് ക്ഷാമബത്തയുടെ കുടിശിക തുക പണമായി (Cash) തന്നെ നൽകാൻ സർക്കാർ തയ്യാറായപ്പോൾ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ കുടിശിക നിഷേധിക്കപ്പെടുകയാണ്. 2021 മുതൽ കേരളത്തിൽ കണ്ടുവരുന്ന ഈ കടുത്ത വിവേചനം ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നേതൃത്വത്തിലുള്ള ധനവകുപ്പിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
”ഐ.എ.എസുകാരുടെ വോട്ട് മാത്രം മതിയോ സർക്കാരിന്?” എന്ന ചോദ്യമാണ് ജീവനക്കാരുടെ സംഘടനകൾ ഉൾപ്പെടെ ഉയർത്തുന്നത്. ധനമന്ത്രി ബാലഗോപാലിൻ്റെ ഈ ഇരട്ടനീതി സമീപനം തിരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയാകുമോ എന്ന ചർച്ചകളും സജീവമാണ്.
![]()
