ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്തുന്നത് ദേവഹിതം അനുസരിച്ചല്ലെന്നും, സുപ്രീംകോടതിയുടെ വിധി മാനിച്ചാണെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വ്യക്തമാക്കി. ഏകാദശി കഴിഞ്ഞാൽ ഉടൻ തെറ്റിനുള്ള പ്രായശ്ചിത്തം ദേവനു മുന്നിൽ ചെയ്യുമെന്നും തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ നവംബർ 30-ന് ഉണ്ടായ സുപ്രീംകോടതി വിധി അനുസരിച്ചാണ് ഡിസംബർ 1-ന് ഏകാദശിക്ക് ഉദയാസ്തമയ പൂജ നടത്താൻ തീരുമാനിച്ചത്. വിധി വന്ന ശേഷം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദേവഹിതം നോക്കി. ഏകാദശിക്ക് ഉദയാസ്തമയ പൂജ നടത്തുന്നത് ദേവന് അഹിതമാണെന്ന് തന്ത്രിക്ക് കണ്ടെത്താൻ കഴിഞ്ഞു. ഈ വിവരം അദ്ദേഹം ഭരണസമിതിക്ക് എഴുതിക്കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം, ദേവഹിതം പരിഗണിച്ച് ഏകാദശി ദിനം ഉദയാസ്തമയ പൂജ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ തന്ത്രി കുടുംബത്തിലെ ചില അംഗങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയും, കോടതി പൂജ നടത്തണമെന്ന് ഉത്തരവിടുകയുമായിരുന്നു.
കോടതി വിധി മാനിക്കാൻ വേണ്ടി ഇക്കുറി ഉദയാസ്തമയ പൂജ നടത്തുമെങ്കിലും, ദേവഹിതത്തിന് എതിരായി പ്രവർത്തിച്ചതിനാൽ ഉടൻ തന്നെ പ്രായശ്ചിത്ത ചടങ്ങുകൾ നടത്താനാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം.
![]()
