തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഎമ്മിൽ കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. എസ്.പി ദീപക്കിനെ മേയറായി കടകംപള്ളി പക്ഷം ഉയർത്തിക്കാട്ടിയതാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പ്രകോപിപ്പിച്ചത്.
കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവരാണ് എസ്.പി. ദീപക്കിനെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. എന്നാൽ, നാമനിർദ്ദേശ പത്രിക നൽകിയ ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്ന് വി. ശിവൻകുട്ടി തുറന്നടിച്ചു. ജില്ല കമ്മിറ്റി അംഗം ശിവജിയെയാണ് ശിവൻകുട്ടി പക്ഷം മേയർ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്.
സിപിഎമ്മിൽ മേയർ സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാകുമ്പോൾ, മറുവശത്ത് കോൺഗ്രസ് ചിട്ടയായ പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. കെ. മുരളീധരൻ – ശബരി കോംബോയിലൂടെ കോൺഗ്രസിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞതോടെ, കോർപ്പറേഷൻ ഭരണം ഇത്തവണ യുഡിഎഫിന് ഉറപ്പിക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഭൂരിപക്ഷം നേടുന്ന പാർട്ടിക്കാണ് കോർപ്പറേഷൻ ഭരണം ലഭിക്കുക എന്നിരിക്കെ, മേയറെ ചൊല്ലി ശിവൻകുട്ടിയും കടകംപള്ളിയും തമ്മിൽ തല്ലുകൂടുന്നത് എന്തിനാണെന്ന ചോദ്യമാണ് നിലവിൽ ഉയരുന്നത്.
![]()
