തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കിടയിലെ ‘ഇന്നോവ ക്രിസ്റ്റ’ (Toyota Innova Crysta) ഭ്രമത്തിന് ഒരു മാറ്റം വരുന്നു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (Chief Electoral Officer – CEO) ഡോ. രത്തൻ യു. ഖേൽക്കർ തൻ്റെ ഔദ്യോഗിക വാഹനമായി ഇനി ഉപയോഗിക്കുക മഹീന്ദ്രയുടെ കരുത്തൻ എസ്‌യുവിയായ ‘ഥാർ റോക്സ്’ (Mahindra Thar Roxx) ആയിരിക്കും. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ഉദ്യോഗസ്ഥൻ സഞ്ചരിക്കുന്നത് ഈ വാഹനം ഉപയോഗിച്ചായിരിക്കും.
സർക്കാർ തലത്തിൽ ഒരു കസേര കിട്ടിയാൽപ്പിന്നെ ഇന്നോവ ക്രിസ്റ്റ വേണമെന്ന ഒരു പ്രവണത നിലനിന്നിരുന്നു. ക്യാബിനറ്റ് റാങ്കുള്ളവർക്കും ചീഫ് സെക്രട്ടറിക്കും മാത്രമായി ആദ്യം അനുവദിച്ചിരുന്ന ഈ വാഹനം, പിന്നീട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പല കമ്മീഷൻ തലപ്പത്തുള്ളവരും സ്വന്തമാക്കി. ഇതോടെ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി ഇന്നോവ ക്രിസ്റ്റകൾ ചവറുപോലെ ഇറങ്ങുന്ന അവസ്ഥയായി.
ഈ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി മഹീന്ദ്ര ഥാർ റോക്സ് (5 ഡോർ / 4WD / ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) എസ്.യു.വി. തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ഈ വാഹനം വാങ്ങാനുള്ള ഫണ്ട് അനുവദിച്ച് ഉത്തരവ് ഈ മാസം 11-ന് പുറത്തിറങ്ങി.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോ. ഖേൽക്കർ യാത്ര ചെയ്യുമ്പോൾ മഹീന്ദ്ര ഥാർ റോക്സ് റോഡുകളിൽ ചീറിപ്പായുന്നത് കാണാം.
![]()
