തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വോട്ട് തേടി കവടിയാർ കൊട്ടാരത്തിൽ എത്തി പ്രമുഖ സ്ഥാനാർത്ഥി കെ.എസ് ശബരിനാഥൻ. കൊട്ടാരത്തിലെത്തി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെ നേരിൽ കണ്ട അദ്ദേഹം വോട്ടും സഹായവും അഭ്യർത്ഥിച്ചു. പാരമ്പര്യത്തിന്റെ പ്രൗഢി നിലനിൽക്കുന്ന കവടിയാർ കൊട്ടാരത്തിലേക്കുള്ള ശബരിനാഥന്റെ സന്ദർശനം ശ്രദ്ധേയമായി.കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ശബരിനാഥൻ
നഗരത്തിന്റെ വികസനത്തിൽ കൊട്ടാരം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് സന്ദർശനശേഷം ശബരിനാഥൻ അഭിപ്രായപ്പെട്ടു. “പഴമയുടെ പൊലിമയും പുതുമയുടെ പ്രയോഗികതയും സ്നേഹത്തിൽ ചാലിച്ചു വരക്കുന്നതാണ് തിരുവനന്തപുരത്തിന്റെ ചിത്രം. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ തന്നെ നഗരവികസനത്തിൽ കവടിയാർ കൊട്ടാരത്തിന്റെ നിസ്തുലമായ സംഭാവന കാണാവുന്നതാണ്,” അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ നേരിൽ കാണുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കൊട്ടാരത്തിലെത്തിയത്. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയുമായി വ്യക്തിപരമായ നല്ല ബന്ധം എപ്പോഴും നിലനിർത്തുന്നുണ്ടെന്നും, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൊട്ടാരത്തിന്റെയും തമ്പുരാട്ടിയുടെയും സഹായവും പിന്തുണയും അഭ്യർത്ഥിച്ചതായും ശബരിനാഥൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നഗരത്തിന്റെ പൈതൃകവും ആധുനികതയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു തിരഞ്ഞെടുപ്പ് സന്ദർശനമായി ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
![]()
