തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകുന്നതിന് തൊട്ടുമുമ്പ് മണ്ഡലത്തിൽ എത്തും. കോൺഗ്രസ് പ്രവർത്തകർ വെയിലത്ത് വിയർപ്പൊഴുക്കി വോട്ട് പിടിച്ച് ജയിപ്പിക്കും. പിന്നെ ഒറ്റ പോക്കാണ്! ജയിച്ച സ്ഥലത്ത് വീണ്ടുമെത്തുന്നത് അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. ഇത്രയും വായിക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ശശി തരൂരിന്റെ മുഖമാണ്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഒരുങ്ങുമ്പോഴും, കളത്തിലെങ്ങും ഇറങ്ങാതെ വിട്ടുനിൽക്കുകയാണ് തിരുവനന്തപുരം എം പി ശശി തരൂർ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ടോ മൂന്നോ തവണ മാത്രമാണ് എം പി മണ്ഡലത്തിലെത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏത് നേരവും പ്രഖ്യാപിക്കാനിരിക്കെ, ‘വിശ്വപൗരൻ’ മായാവിയാണ്.
കഴക്കൂട്ടം, വട്ടിയൂർകാവ്, തിരുവനന്തപുരം സെൻട്രൽ, നേമം എന്നീ അസംബ്ലി മണ്ഡലങ്ങളിലെ വാർഡുകൾക്കു പുറമെ കോവളം മണ്ഡലത്തിലെ നാല് വാർഡുകൾ കൂടി ഉൾപ്പെടുന്നതാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇത് കൂടാതെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം എന്നീ നിയമസഭാ മണ്ഡലങ്ങളിലെ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് വാർഡുകൾ കൂടി ഉൾപ്പെട്ടതാണ് ശശി തരൂരിൻ്റെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം.
ശശി തരൂരിന്റെ വിജയത്തിന് നിർണായക പങ്ക് വഹിച്ച പ്രാദേശിക നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തിരിഞ്ഞുപോലും നോക്കാതെ ഒഴിഞ്ഞുമാറി നടക്കുകയാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം. മറ്റ് എംപിമാരും എംഎൽഎമാരും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായിട്ടും, തരൂരിന്റെ സാന്നിധ്യം തിരുവനന്തപുരത്ത് കാണാനില്ല.
പാർട്ടിയുടെ പ്രധാന പരിപാടികളിലൊന്നും പങ്കെടുക്കാതെ, സ്ഥിരം പംക്തികളിലൂടെയും എഴുത്തുകളിലൂടെയും തനിക്ക് പദവികൾ നൽകിയ രാഷ്ട്രീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് തരൂർ സ്വീകരിക്കുന്നത്.എല്ലാ സൗഭാഗ്യങ്ങളും നേടിയ ശേഷം പാർട്ടിയോട് നന്ദികേടാണ് ശശി തരൂർ കാണിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുകയും ‘സുഖിപ്പിക്കുകയുമാണ്’ അദ്ദേഹത്തിന്റെ പ്രധാന പണിയെന്നും വിമർശനമുണ്ട്. ഹരിയാനയിലെ വോട്ട് ചോരിയെക്കുറിച്ച് രാഹുൽ ഗാന്ധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടും തരൂർ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. ബിജെപിക്ക് അലോസരമുണ്ടാക്കുന്നതൊന്നും കഴിഞ്ഞ ഒന്നുരണ്ട് വർഷമായി തരൂർ പറയാറില്ല. ശശി തരൂർ തിരുവനന്തപുരത്തുകാരെ മാത്രമല്ല കോൺഗ്രസുകാരെയും ശശിയാക്കി എന്ന വിമർശനമാണ് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഉയരുന്നത്.
![]()
