തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ നാളെ (ത മുതൽ കെ. മുരളീധരൻ നയിക്കുന്ന വാഹന പ്രചാരണ ജാഥ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കുക എന്നതാണ് ഈ ജാഥയുടെ പ്രാഥമിക ലക്ഷ്യം. മുൻ കെ.പി.സി.സി. പ്രസിഡണ്ടും സീനിയർ കോൺഗ്രസ് നേതാവുമായ കെ. മുരളീധരനാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതല. പത്രസമ്മേളനത്തിൽ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചതും മുരളീധരൻ തന്നെയാണ്.
അരുവിക്കര മുൻ എം.എൽ.എയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ മൽസരിക്കും. കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥിയായി ശബരീനാഥനെയാണ് കണക്കാക്കുന്നത്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷം ബാക്കി സ്ഥാനാർത്ഥികളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ അറിയിച്ചു.
ഒന്നാംഘട്ട ലിസ്റ്റിൽ യുവജനങ്ങൾക്ക് മികച്ച പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ഒപ്പം മുതിർന്നവരും പരിചയസമ്പന്നരും ഇടംപിടിച്ചിരിക്കുന്നു. ആശാ സമരത്തിൽ മുഴുവൻ ദിവസവും പങ്കെടുത്ത ഒരു ആശാ പ്രവർത്തകയും സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിച്ചത് ശ്രദ്ധേയമായി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ കോൺഗ്രസ് നീക്കത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും അമ്പരന്നിരിക്കുകയാണ്. “ലക്ഷ്യം കോർപ്പറേഷൻ ഭരണം തന്നെ” എന്ന് മുരളീധരൻ അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. മേയർ ആര്യ രാജേന്ദ്രൻ്റെ ദുർഭരണവും അഴിമതിയും എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. ബി.ജെ.പിയിലാണെങ്കിൽ രൂക്ഷമായ ചേരിപ്പോരാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഭരണം പിടിക്കാൻ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ഒരു സുവർണ്ണാവസരമായിട്ടാണ് കോൺഗ്രസ് കാണുന്നത്.
![]()
